10:40am 19 April 2026
NEWS

വൈറ്റ് ഹൗസ് പരിസരത്തെ വെടിവെപ്പിൽ അറസ്റ്റിലായ റഹ്മാനുല്ല അമേരിക്കയിലെത്തിയത് ‘ഓപ്പറേഷൻ അലൈസ് വെൽക്കം’ പദ്ധതിയിലൂടെ

28/11/2025  06:04 AM IST
nila
 വൈറ്റ് ഹൗസ് പരിസരത്തെ വെടിവെപ്പിൽ അറസ്റ്റിലായ റഹ്മാനുല്ല അമേരിക്കയിലെത്തിയത് ‘ഓപ്പറേഷൻ അലൈസ് വെൽക്കം’ പദ്ധതിയിലൂടെ

വാഷിങ്‌ടൺ: വൈറ്റ് ഹൗസ് പരിസരത്തെ വെടിവെപ്പ് സംഭവത്തിൽ അറസ്റ്റിലായ അഫ്​ഗാൻ പൗരൻ റഹ്മാനുല്ല ലഖൻവാൾ (29) യുഎസ് സൈന്യത്തിന് വേണ്ടി അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്നെന്നു സിഐഎ. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലും റഹ്മാനുല്ലയുടെ അമേരിക്കൻ സൈനിക ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2021-ൽ അഫ്ഗാൻ യുദ്ധത്തിൽ അമേരിക്കയെ സഹായിച്ച സ്വദേശികൾക്ക് കുടിയേറ്റ സൗകര്യം നൽകുന്നതിനായി ബൈഡൻ ഭരണകൂടം ആരംഭിച്ച ‘ഓപ്പറേഷൻ അലൈസ് വെൽക്കം’ പദ്ധതിയിലൂടെയാണ് റഹ്മാനുല്ല യുഎസിലെത്തിയത്. താലിബാന്റെ ശക്തികേന്ദ്രമായ തെക്കൻ കാണ്ഡഹാറിൽ സിഐഎയുടെ പിന്തുണയുള്ള ഒരു യൂണിറ്റിനും മറ്റു യുഎസ് സർക്കാർ ഏജൻസികൾക്കുമായി റഹ്മാനുല്ല പ്രവർത്തിച്ചിരുന്നു എന്നാണ് റാറ്റ്ക്ലിഫ് വ്യക്തമാക്കിയത്. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിൽ നിന്ന് അസ്വസ്ഥമായ ഒഴിപ്പിക്കൽ നടപടികൾക്ക് പിന്നാലെയാണ് ഈ ബന്ധം അവസാനിച്ചത്.

വെടിവെപ്പ് ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെ (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 1) വൈറ്റ് ഹൗസിനടുത്തുള്ള മെട്രോ സ്റ്റേഷൻ പരിസരത്താണ് നടന്നത്. വെസ്റ്റ് വെർജീനിയ നാഷണൽ ഗാർഡിൽ സേവനമനുഷ്ഠിക്കുന്ന സാറാ ബെക്ക്സ്ട്രോം (20) ആൻഡ്രൂ വൂൾഫ് (24) എന്നിവർ റോന്ത് ചുറ്റുന്നതിനിടെയാണ് ആക്രമണം നടന്നത്. പട്രോളിംഗ് ചുമതല നൽകി 24 മണിക്കൂറിനുള്ളിലാണ് ഇരുവർക്കും വെടിയേറ്റതെന്ന് റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന് പിന്നാലെ സൈനികർ റഹ്മാനുല്ലയെ പിടികൂടിയിരുന്നു. പരുക്കുകളുള്ള ഇയാൾ ഫെഡറൽ കസ്റ്റഡിയിലാണ്. വെടിവെപ്പ് സംബന്ധിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img